കലാഭവന്‍ സോബിക്കെതിരെ ക്രിമിനല്‍ കേസ്: സിബിഐ അപേക്ഷയില്‍ വിധി 17ന്

തിരുവനന്തപുരം:  വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെ കൊലപാതകം എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച കലാഭവന്‍ സോബി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയില്‍ വിധി ഏപ്രില്‍ 17ന്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

അപകട മരണത്തെ കൊലപാതകമായി ചിത്രീകരിക്കാന്‍ സോബി ശ്രമിച്ചു. ഇത് അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്നാണ് സിബിഐ പറയുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി നല്‍കിയ മൊഴി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചു. ഇത്തരം മൊഴികള്‍ കേസില്‍ അനാവശ്യ ദുരൂഹതകള്‍ സൃഷ്ടിക്കുവാന്‍ ഇടയാക്കി എന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് ബാലഭാസ്‌കര്‍ മരിച്ചത്. തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തായിരുന്നു അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ പരുക്കേറ്റു. മംഗലപുരം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് 2020 ജൂണ്‍ 12ന് സിബിഐ ഏറ്റെടുത്തത്.