വിഷു ഉത്സവത്തിന് ശബരിമല നട തുറന്നു

    ശബരിമല : വിഷു ഉത്സവത്തിന് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു.

    ഇന്നലെ വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയാണ് നടതുറന്നത്. ശ്രീലകത്ത് ദീപം തെളിച്ചശേഷം അയ്യപ്പസ്വാമിയെ ധ്യാനനിദ്രയില്‍നിന്നുണര്‍ത്തി. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകര്‍ന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കും. സന്നിധാനത്തെ ബലിക്കല്‍പ്പുരയുടെയും നമസ്‌കാരമണ്ഡപത്തിന്റെയും മുകളില്‍ സ്ഥാപിക്കുന്നതിനുള്ള ശില്പങ്ങളുടെ സമര്‍പ്പണം ഇന്ന് സന്നിധാനത്ത് നടക്കും. ബലിക്കല്‍പ്പുരയുടെ മുകള്‍ ഭാഗത്ത് അഷ്ടദിക്പാലകരുടെയും നമസ്‌കാര മണ്ഡപത്തിന് മുകളില്‍ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളാണ് സ്ഥാപിക്കുന്നത്. ഗുരുവായൂര്‍ എടവള്ളി സ്വദേശി നന്ദനനാണ് തേക്കുതടിയില്‍ ശില്പം കൊത്തിയെടുത്തത്. നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, സുഹൃത്തുക്കളായ പോപ്പുലര്‍ അപ്പളം ഗ്രൂപ്പ് എം. ഡി വിജയകുമാര്‍, പ്രദീപ് കുമാര്‍ ചെന്നൈ, അത്താച്ചി സുബ്രഹ്മണ്യന്‍, അപ്പുണ്ണി ദുബയ് എന്നിവര്‍ ചേര്‍ന്നാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. 14 നാണ് വിഷുക്കണി ദര്‍ശനം. അന്ന് പുലര്‍ച്ചെ 5ന് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തര്‍ക്ക് കണി ദര്‍ശിക്കാം. 18 ന് രാത്രി നടഅടയ്ക്കും