കൊവിഡിനൊപ്പം ന്യുമോണിയയും; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

    തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഐ.സി.യുവില്‍. കൊവിഡിനൊപ്പം ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

    ശനിയാഴ്ചയോടെയാണ് പി.ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയായ ‘നീതി’യില്‍ ഹോം ക്വാറന്റൈനിലായിരുന്ന അദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡോളര്‍ കടത്ത് കേസില്‍ വസതിയിലെത്തി കസ്റ്റംസ് സംഘം സ്പീക്കറെ ചോദ്യം ചെയ്തത് വെളളിയാഴ്ചയായിരുന്നു. തുടര്‍ന്ന് പേട്ടയിലെ ഫ്‌ലാറ്റിലും കസ്റ്റംസ് പരിശോധന നടത്തി. വ്യാഴാഴ്ച ഹാജരാകണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും ശരീരസുഖമില്ലാത്തതിനാല്‍ അദ്ദേഹത്തിന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ വൈദ്യപരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.