നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പൂരത്തിന്റെ ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാകില്ല. പൂരം ആവേശം ചോരാതെ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രൗഢിയോടെ നടത്താനാണ് തീരുമാനം.

45 വയസ് കഴിഞ്ഞവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും 45 വയസിനു താഴെയുള്ളവര്‍ക്ക്  72മണിക്കൂറിനകം എടുത്ത ആന്റെി പിസിആര്‍  സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം.  10 വയസില്‍ താഴെയുള്ളവര്‍ക്ക് പൂരപ്പറമ്പില്‍ പ്രവേശനമില്ല. കോവിഡ് നിയന്ത്രണ പരിശോധനകള്‍ പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കും.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിനെത്തുന്നവര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. നിയന്ത്രണ വിധേയമായിട്ടാകും പൂരപ്പറമ്പിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി തൃശൂര്‍ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപം നല്‍കിയ പ്രത്യേക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്. 23 നാണ് ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം. 17നാണ് പൂരം കൊടിയേറ്റം.