തെലുങ്ക് പറഞ്ഞ് മാസ് ലുക്കില്‍ നെയ്യാറ്റിന്‍കര ഗോപന്‍; ആരാധകരെ ഇളക്കിമറിക്കുന്ന ടീസറുമായി മോഹന്‍ലാലിന്റെ ആറാട്ട്

മോഹന്‍ലാലിനെ നായകനായി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും ആറാട്ടെന്ന് സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ടീസര്‍.

മുണ്ടു മടക്കികുത്തി മീശപിരിച്ചുളള ആക്ഷന്‍ രംഗങ്ങളും തട്ടുപൊളിപ്പന്‍ ഗാനങ്ങളുമെല്ലാം ടീസറില്‍ വന്നുപോകുന്നുണ്ട്. ടീസറില്‍ മോഹന്‍ലാല്‍ പറയുന്ന തെലുങ്ക് സംഭാഷണം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ