വിഭാഗിയതയുടെ അണിയറ രഹസ്യങ്ങള്‍ പുസ്തകമാകുന്നു; രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാന്‍ ഫിലിപ്പ്

    രാജ്യസഭ സീറ്റില്‍ സി പി എം പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയത്തില്‍ നിന്ന് എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കിയുളള ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ അതൃപ്തി ചെറിയാന്‍ ഫിലിപ്പ് പരോക്ഷമായി സൂചിപ്പിക്കുന്നത്.

    രാജ്യസഭ സീറ്റിലേക്ക് അവസാന നിമിഷം വരെ സി പി എം പരിഗണിച്ചിരുന്ന പേരാണ് ചെറിയാന്‍ ഫിലിപ്പിന്റേത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെയാണ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ചെറിയാന്‍ ഫിലിപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യസഭയിലേക്ക് ജോണ്‍ ബ്രിട്ടാസിനെയും, ഡോ വി ശിവദാസനെയുമാണ് സി പി എം പരിഗണിച്ചത്.

    ചരിത്രത്തിന്റെ ഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗിയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കുമെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ‘ഇടതും വലതും’ എന്നാണ് പുസ്തകത്തിന്റെ പേര്.

    ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

    ‘ഇടതും വലതും ‘ -എഴുതി തുടങ്ങുന്നു. കര്‍മ്മമേഖലയില്‍ എഴുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നാല്പതു വര്‍ഷം മുന്‍പ് ഞാന്‍ രചിച്ച ‘കാല്‍ നൂറ്റാണ്ട് ‘ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര ,മാദ്ധ്യമ വിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമാണ്. ഇ എം എസ്, സി.അച്ചുതമേനോന്‍ , കെ.കരുണാകരന്‍, എ.കെ ആന്റണി, ഇ കെ നായനാര്‍, പി കെ.വാസുദേവന്‍ നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന പുസ്തകം എന്നാണ് ഇ എം എസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടര്‍ച്ചയായ നാല്പതു വര്‍ഷത്തെ ചരിത്രം എഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല. കാല്‍നൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും. ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിന്റെ തലക്കെട്ട്.