വി.മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം’;കെ.സുരേന്ദ്രന്‍

    കോഴിക്കോട്: വി.മുരളീധരനെ വേട്ടയാടാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാന്‍ സിപിഎം മുരളീധരനെ ആക്രമിക്കുകയാണെന്നും അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നുമാണ് സുരേന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്നിരുന്നു.

    ഇതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത മുരളീധരന്റെ നടപടികള്‍ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്താവനയും ഇറക്കിയിരുന്നു. മുരളീധരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു സിപിഎം നേതാവിന്റെ പ്രസ്താവന. ഇതിന് മറുപടിയായാണ് ഇപ്പോള്‍ സുരേന്ദ്രന്റെ പ്രതികരണം.
    കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുകയും രോഗ വ്യാപനം തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാന്‍ സിപിഎം, വി.മുരളീധരനെ ആക്രമിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് സിപിഎം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റില്‍ കേരളം ലോക റെക്കോഡിലെത്തി നില്‍ക്കുമ്പോള്‍ വിഷയം വഴിമാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡല്‍ വെറും പി.ആര്‍ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.