പ്രമുഖര്‍ ഉള്‍പ്പടെ സൂമ്പാ ഡാന്‍സ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി, സുഹൃത്തുക്കള്‍ക്കായി വൈഫ് എക്സ്ചേഞ്ചും, പിടിയിലായത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുന്ന വിരുതന്‍ തലസ്ഥാനത്ത് കസ്റ്റഡിയില്‍. നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് കാഞ്ഞിരംപാറ സ്വദേശിയായ സനു നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയത്. സനുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് നഗ്‌നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഇയാള്‍ പാര്‍ട്ട്ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. സനുവിന്റെ ഇരയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് സംഭവങ്ങള്‍ ഓരോന്നായി പുറംലോകം അറിയുന്നത്.

തിരുവനന്തപുരത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പൊലിസ് പറയുന്നു. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ച് വരികയാണ്. വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്.