കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണം: വി.മുരളീധരന്‍

    ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിന് മാത്രം കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വാഗ്ദാനം നല്‍കിയതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ അരാജകത്വമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ്. ഓരോദിവസവും വാക്‌സിന്‍ നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ് കേരളത്തിലെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

    അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്‌സിന്‍ വേണമെന്നും രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ കൂടി കേരളത്തിലുണ്ട്. ആവശ്യത്തിന് വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.