പ്രവാസികള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍; നേപ്പാള്‍ വഴി ഗള്‍ഫിലേക്കുളള എന്‍ ഒ സി നടപടിക്രമങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: മാസങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുളള എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുളളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുളള നടപടികള്‍ പൂര്‍ത്തിയാക്കി മതിയായ സൗകര്യം ഒരുക്കിത്തരുമെന്നും വി.മുരളീധരന്‍ അറിയിച്ചു.

വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ഇങ്ങനെ:

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കറേ മാസങ്ങളായി ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാള്‍ വഴിയുള്ള വിമാന സര്‍വ്വീസുകളെയാണ് പ്രവാസികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളില്‍ പോകാന്‍ എത്തുന്നവര്‍ക്ക് എന്‍. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതു പിന്‍വലിക്കുന്ന നിര്‍ണ്ണായക തീരുമാനം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി അറിയിക്കുന്നു.

ഇന്ത്യന്‍ പാസ്പോര്‍ട്ടും,ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആണ് എന്‍.ഒ.സി ഒഴിവാക്കിയത്.2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനതാവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവ!*!ര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൗകര്യം ഒരുക്കും.അതേ സമയം പാസ്പോര്‍ട്ടില്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി കരമാര്‍ഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളിലെത്തുന്നവര്‍ക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസി അനുവദിക്കുന്ന എന്‍.ഒ.സി തുടര്‍ന്നും ആവശ്യമാണ്.ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.