കോട്ടയത്ത് മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും; 15 ഇടത്ത് ഭാഗിക നിയന്ത്രണം

കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം.  ജില്ലയില്‍ മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും. പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂര്‍ണ നിയന്ത്രണം. 15 തദ്ദേശസ്ഥാപനങ്ങളിലായി 32 വാര്‍ഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു.  ഈരാറ്റുപേട്ട-17, ഏറ്റുമാനൂര്‍-4, 23, കോട്ടയം- 1, 5, 6, 10, 13, 15, 16, 17, 31, 33, ചെമ്പ് -11, 14,  കൂരോപ്പട-15, 16, നീണ്ടൂര്‍ – 5, പായിപ്പാട് – 12, പൂഞ്ഞാര്‍ തെക്കേക്കര- 9, 11, കല്ലറ-6, പനച്ചിക്കാട് -3, തലയാഴം- 9, മാടപ്പള്ളി -1, 12, 19, ഞീഴൂര്‍-9, പുതുപ്പള്ളി- 4, 7, 17, വെച്ചൂര്‍ – 3 എന്നീ വാര്‍ഡുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍  രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ യാത്രകള്‍ അനുവദിക്കില്ല.  അടിയന്തര വൈദ്യ സഹായത്തിനായുള്ള യാത്രകള്‍ക്ക് ഇളവുണ്ട്. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്സല്‍ സര്‍വീസ് നടത്താം. ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ  വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും അനുമതി നല്‍കും. ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍  റജിസ്റ്റര്‍ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല. ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിയന്ത്രണം ബാധകമല്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയില്‍ പുതിയതായി  2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ