തിരുവനന്തപുരം: വാക്‌സിന്‍ ചാലഞ്ചിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കേന്ദ്ര വി.മുരളീധരനേയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്ന് വി.മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.വാക്‌സിന്‍ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്ന് ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
‘അവരവര്‍ കണ്ടതും അവരവര്‍ അനുഭവിച്ചതും അവരവര്‍ ശീലിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ള എല്ലാവരും അങ്ങനെ തന്നെയാണെന്ന് തെറ്റിദ്ധരിക്കരുത്. അതിന്റെ ഭാഗമാണ് ഈ ഫണ്ടൊക്കെ മറ്റുള്ള വഴിക്ക് പോകുമെന്ന ആശങ്ക. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്ന നിലയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ളത്. സാധാരണഗതിയില്‍ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കഴിയുന്നത്ര എല്ലാവരും ഒന്നിച്ച് നീങ്ങലാണ് ഏറ്റവും പ്രധാനം’ മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയാതിരിക്കലാണ് ഭംഗിയെന്നാണ് തനിക്ക് തോന്നുന്നത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാവരും ഇതുമായി സഹകരിക്കാന്‍ തയ്യാറാകുകയാണ്. നമ്മുടെ നാടിന്റെ പ്രത്യേകത അതാണ്.
ഇതൊരു ദുരന്ത ഘട്ടമാണ്. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണം. അതിന് പണം കൊടുക്കണം എന്ന് വന്നപ്പോള്‍ ആളുകള്‍ സ്വയം മുന്നോട്ട് വരികയാണ് ഉണ്ടായിട്ടുള്ളത്. യാഥാര്‍ത്ഥത്തില്‍ യുവജനങ്ങളാണ് ഈ ക്യാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് സമൂഹം അത് ഏറ്റെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകയാണ് അത്.
പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മത്സരിക്കുന്ന രണ്ടു പേരുടെ പ്രസ്താവനയാണ് ഇന്ന് കണ്ടത്. രമേശ് ചെന്നിത്തലയുടേയും വി.മുരളീധരന്റേയും വിമര്‍ശനങ്ങളെ സൂചിപ്പിച്ച്‌കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഏതൊരു പ്രതിപക്ഷ നേതാവിനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിക്കാനാവില്ല. പക്ഷേ ആശ്ചര്യകരമായ നിലപാടാണ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.