പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയാണെന്നു വ്യക്തമാക്കിയതിനെ തുടര്‍ന്നു യുവാവിനെതിരെയുള്ള പോക്‌സോ കേസും കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി.
പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരില്‍ 2019 ഫെബ്രുവരി 20 നാണ് ഇരുപത്തിരണ്ടുകാരനായ ഹര്‍ജിക്കാരനെതിരെ തൃശൂരിലെ കൊടകര പൊലീസ് കേസ് എടുത്തത്. എന്നാല്‍ 2020 നവംബര്‍ 16 ന് ഇരുവരും വിവാഹിതരായി.
ഇതിനിടെ കേസില്‍ തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കി. തുടര്‍ന്നാണ് കേസ് നടപടികള്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പെണ്‍കുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണു ജസ്റ്റിസ് കെ. ഹരിപാല്‍ വിധി പറഞ്ഞത്. ഇക്കാര്യത്തില്‍ പൊതുതാല്‍പര്യം ഹനിക്കുന്നില്ല.
ഇത്തരം കേസുകളില്‍ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശവും കോടതി കണക്കിലെടുത്തു. ദമ്പതികളുടെ ക്ഷേമത്തിനും നടപടികള്‍ റദ്ദാക്കുന്നതാണു നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.











































