കോവിഡ് വാക്സിന്‍: സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യും; മുഖ്യമന്ത്രി

    തിരുവനന്തപുരം: കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്കുതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാക്സിന്‍ വാങ്ങാനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.

    കോവിഡ് വാക്സിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനത്തിന് ഒരു വിലയും എന്ന് പറയുന്നത് ശരിയല്ല. സര്‍ക്കാരുകളെല്ലാം ഒരേ തരത്തിലല്ലേ ? കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ വിലയ്ക്ക് വാക്സിന്‍ നല്‍കണം. സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനുള്ള വില നിശ്ചയിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിനായി കാത്തിരിക്കുകയാണ്. കോടതിവിധിയും വരാനുണ്ട്.

    150 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാരിന് വാക്സിന്‍ നല്‍കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് 400 രൂപയ്ക്കാണ്. ഇത്തരത്തിലുള്ള വ്യത്യാസം പാടില്ല. വില ഏകീകൃതം ആയിരിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.

    വാക്സിന്റെ ലഭ്യത കുറവുമൂലമാണ് രജിസ്ട്രേഷന്‍ സമയത്ത് പലര്‍ക്കും വാക്സിന്‍ ഇല്ല എന്ന മറുപടി ലഭിക്കുന്നത്. രജിസ്റ്റര്‍, ചെയ്യുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. എന്നാല്‍ വാക്സിന്‍ ലഭ്യമാകുന്നത് അനുസരിച്ചേ വാക്സിനേഷന്‍ നടക്കൂ. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനാണ് നിലവില്‍ കേന്ദ്രം നല്‍കുന്നത്. അതും ആവശ്യത്തിന് ഇല്ല.