ഇബ്രാഹിംകുഞ്ഞിന് ജാമ്യ വ്യവസ്ഥകളില്‍ ഇളവില്ല; ഹര്‍ജി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി മുന്‍ മന്ത്രി വി.കെ. ഇബ്രാഹികുഞ്ഞ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജില്ലയ്ക്കു പുറത്തു പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. രാജ്യസഭാ തിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടിയായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ഹര്‍ജി.

തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാനും എംഎല്‍എ ഹോസ്റ്റലില്‍ പോകാനും അനുവദിക്കണം എന്നായിരുന്നു ആവശ്യം. എംഎല്‍എ എന്ന നിലയിലുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനു തിരുവനന്തപുരത്തു പോകേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത ഇബ്രാഹിംകുഞ്ഞിന് ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലായിരുന്നു ഇത്. പാസ്‌പോര്‍ട് കോടതിയില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുസ്‌ലിം എജുക്കേഷന്‍ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതോടെ പിന്‍വാങ്ങുകയായിരുന്നു.