1 തവണ സ്വര്‍ണം കടത്തിയെങ്കില്‍ തെളിവ് എവിടെ..? ഇഡിയോട് കോടതി

    കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ നായര്‍ എന്നിവര്‍ സ്വര്‍ണം കടത്തിയതിനു തെളിവ് ഹാജരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) സാധിച്ചിട്ടില്ലെന്നു വിചാരണക്കോടതി. ഇന്നലെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണു പരാമര്‍ശം. ഇഡി ഹാജരാക്കിയ കുറ്റപത്രത്തില്‍ ഇരുവരുടെയും കുറ്റസമ്മത മൊഴിയല്ലാതെ സ്വര്‍ണം കടത്തിയതിനു തെളിവു ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

    ഇഡി അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിക്കുന്നു. സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരകര്‍ സന്ദീപും സരിത്തുമാണെന്ന് ഇഡി വാദിക്കുമ്പോഴും തെളിവു ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ഈ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ഇന്നലെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നതിനു തെറ്റില്ലെന്ന വിലയിരുത്തലിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുമാണ് കോടതി ജാമ്യം നല്‍കിയത്.

    അതേസമയം വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ മെറിറ്റ് പരാമര്‍ശിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ക്കെതിരെയും അപ്പീല്‍ നല്‍കാനാണ് ഇഡി തീരുമാനം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മെറിറ്റിലേക്കു സാധാരണ നിലയില്‍ കോടതി പരാമര്‍ശിക്കുന്ന പതിവില്ല. എന്നാല്‍ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ കേസിന്റെ വിചാരണയെ ബാധിക്കും എന്നതു കണക്കിലെടുത്താണ് ഇഡി നീക്കം.