സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയന്‍, കാപ്പാന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായിരുന്നു.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരന്‍, മീര, ദേവര്‍ മകന്‍, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളില്‍ ജോലി ചെയ്തു. തേന്മാവിന്‍ കൊമ്പത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി.

തന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദര്‍ശനൊപ്പം പിന്നീട് മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചു. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതല്‍ ദേശം ആണ്. സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. മുതല്‍വന്‍,ബോയ്‌സ്, ശിവാജി തുടങ്ങി വമ്പന്‍ ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ജോലി ചെയ്തു.

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി തുടങ്ങി ഹിന്ദിയില്‍ നാല് സിനിമകള്‍ക്കു ഛായാഗ്രഹണം ചെയ്തു.

ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച കനാ കണ്ടേന്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സംവിധായകനായി. സൂര്യ, തമന്ന എന്നിവര്‍ അഭിനയിച്ച അയന്‍ ആണ് രണ്ടാമത്തെ ചിത്രം. സൂര്യയുടെ കരിയറിലെ വലിയൊരു ഹിറ്റായി ചിത്രം മാറി. ജീവയെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രം ‘കോ’യും ഹിറ്റായിരുന്നു. മാട്രാന്‍, അനേകന്‍, കാവന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകള്‍. മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളിലെത്തിയ കാപ്പാന്‍ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.