കേരളത്തില്‍ കോവിഡ് ബാധിതര്‍ 4 ലക്ഷം കടക്കും; സെര്‍ജ് പ്ലാന്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

തിരുവനന്തപുരം മേയ് പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം പരമാവധി ഉയരാനിടയുണ്ടെന്ന പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കാന്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ വീടുകളില്‍ തന്നെ കഴിയണമെന്നു നിര്‍ദേശിക്കും. ഏതൊക്കെ രോഗികള്‍ക്കാണ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആവശ്യമെന്നു കണ്ടെത്താന്‍ പ്രായോഗിക മാനദണ്ഡങ്ങള്‍ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി ചര്‍ച്ച നടത്തി. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സെര്‍ജ് പ്ലാനുകള്‍ തയാറാക്കാന്‍ മെഡിക്കല്‍ കോളജുകളോട് ആവശ്യപ്പെട്ടു.

കൂടുതല്‍ രോഗബാധിതരുള്ള കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കിടക്കകളും ഐസിയു കിടക്കകളും വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മേയ് പകുതിയോടെ നാലു ലക്ഷം കവിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിരുന്നത്.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അര ലക്ഷത്തിനു മുകളിലെത്താം. ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ നിലവിലെ ആശുപത്രി സൗകര്യങ്ങള്‍ തികയില്ല. ഈ സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കുന്നത്.

പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തി പിന്നീടു കുറയും. ആ സമയത്ത് ചികിത്സയിലുള്ളവര്‍ നാലു ലക്ഷത്തോളമാകും. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എണ്ണം മേയ് അവസാനം വരെ ഉയര്‍ന്നു നില്‍ക്കാനിടയുണ്ട്.

കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോര്‍ട്ട് പ്രകാരം മേയ് രണ്ടാം വാരം 2.18 ലക്ഷം പേര്‍ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാല്‍, കൂട്ടപ്പരിശോധനയുടെ ഫലങ്ങള്‍ വന്നതോടെ റിപ്പോര്‍ട്ട് പുതുക്കി.

സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്ഷന്‍ റേറ്റ്-ആര്‍) 2.5 ആയി. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആര്‍ നിരക്ക് കൂടുതല്‍. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇതു കുറവാണ്. പ്രതിവാര വര്‍ധന നിരക്ക് ശരാശരി 150 %.


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ