കുഴൽപ്പണം തട്ടിപ്പ് കേസ്; മുഖ്യപ്രതികൾ കണ്ണൂരിൽ പിടിയിൽ

    തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ മുഖ്യപ്രതികളായ രണ്ടു പേർ കണ്ണൂരിൽ നിന്നും പിടിയിൽ. മുഹമ്മദ് അലി, അബ്ദുൽ റഷീദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനിൽ എത്തിച്ചു. കുഴൽപ്പണക്കടത്ത് കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയത്  അബ്ദുൽ റഷീദാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം തട്ടിയെടുത്തതിന് 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്, ബിജെപി നേതാക്കളുടെ ബന്ധം കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. കവർച്ചയ്ക്കു ശേഷം പ്രതികൾ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തി.

    ഡ്രൈവർക്കു പണം കൈമാറിയ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എസ്.പി ജി.പൂങ്കുഴലി വെളിപ്പെടുത്തി. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധർമരാജനായിരുന്നു. ഇയാൾക്കു പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും എസ്പി പറഞ്ഞു. സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനിൽ മൊഴി നൽകി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.