സുകുമാരന്‍ നായരുടെ മകള്‍ സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചു

ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. സുകുമാരന്‍നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു. എന്നിട്ടും എന്‍.എസ്.എസ്. ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി’ എന്ന അടിസ്ഥാനരഹിതമായ ആരോപണവുമായാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരിക്കുന്നത്.

‘എന്‍.എസ്.എസ്. ഹിന്ദു കോളേജ് പ്രിന്‍സിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറാണ്. ആദ്യം യു.ഡി.എഫ് സര്‍ക്കാരും പിന്നീട് എല്‍.ഡി.എഫ്. സര്‍ക്കാരുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നാമനിര്‍ദ്ദേശം ചെയ്തത്’ സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

യോഗ്യതയുടെ അടിസ്ഥാനത്തില്‍, ‘എഡ്യൂക്കേഷനിസ്റ്റ്’ എന്ന വിഭാഗത്തിലാണ് ഇടതു-വലതു വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ ഡോ. സുജാതയെ നാമനിര്‍ദ്ദേശം ചെയ്തത്. ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കെ, വ്യക്തിപരമായ കാരണങ്ങളാല്‍ എന്റെ മകള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍സ്ഥാനം രാജിവച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്കിക്കഴിഞ്ഞുവെന്നും ജി.സുകുമാരന്‍നായര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ