വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചു: പിണറായി വിജയന്‍

  തിരുവനന്തപുരം: യുഡിഎഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പിണറായി വിജയന്‍. വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം േചാദിച്ചു.

  പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണു ബിജെപിയുടെ നില. 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ട് കുറഞ്ഞു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

  ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍ എണ്ണിപ്പറഞ്ഞ പിണറായി, പത്തിടത്ത് യുഡിഎഫ് വിജയിച്ചത് ബിജെപി വോട്ടിലെന്നും ആരോപിച്ചു. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു. യുഡിഎഫിന് 4454 ഭൂരിപക്ഷം കിട്ടി. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപി വോട്ടിലെ കുറവ് 6087. പാലായില്‍ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലാണ്. യുഡിഎഫിന്റെ നേതൃത്വത്തില്‍ ധാരണകള്‍ ഉണ്ടാക്കിയെന്ന് വ്യക്തം.

  ബിജെപി വോട്ട് മറിച്ചതില്‍ സാമ്പത്തിക താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വോട്ടെടുപ്പ് ദിവസം തുടര്‍ഭരണം പാടില്ലെന്ന സന്ദേശം നല്‍കി. ജനവിശ്വാസം അട്ടിമറിക്കാന്‍ സുകുമാരന്‍ നായരുടെ പരാമര്‍ശം കൊണ്ട് കഴിയുമായിരുന്നില്ല. ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്.

  വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. ബിജെപി നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയാക്കി നിര്‍ത്താന്‍ ശ്രമിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. പുതിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തലെന്നും പ്രകടനപത്രികയിലെ ഉറപ്പുകള്‍ പാലിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

  നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ