മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി ; സര്‍ക്കാര്‍ രൂപീകരണം നാളെ തീരുമാനം എടുത്തേക്കും

    തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി വന്‍ വിജയം എല്‍ഡിഎഫ് നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഗംഭീര വിജയം നേടി ഭരണത്തുടര്‍ച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെയാണ് കണ്ണൂരിലെ മറ്റു നേതാക്കള്‍ക്കൊപ്പം കണ്ണൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിനൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, എംവി ജയരാജന്‍, എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും തലസ്ഥാനത്ത് എത്തിയിരുന്നു.

    നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാകും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും. പുതിയ മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കളായ എം വി ഗോവിന്ദന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലെങ്കിലും ആരും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അഞ്ചു വര്‍ഷം നീണ്ട പല പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്നതിന് ചരിത്ര വിജയമാണ് ജനം തിരിച്ചു കൊടുത്തത്.

    സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും സിപിഎമ്മിന് കഴിഞ്ഞു. ഭരണപങ്കാളികളായ സിപിഐയേക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തില്‍ കരുത്തോടെയാണ് സിപിഎം വിജയിച്ചത്. 12 ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നല്‍കിയത് നൂറില്‍ നൂറ് മാര്‍ക്കാണെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും ജയത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പിണറായി പ്രതികരിച്ചു. സംസ്ഥാനത്ത് മെയ് 9 വരെ നിലവിലെ നിയന്ത്രണം തുടരുമെന്നും ലോക്ഡൗണ്‍ വേണോ എന്ന് 10 നുശേഷം ആലോചിക്കുമെന്നും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ തുടര്‍ന്നും പാലിക്കുമെന്നും ക്യാബിനറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.