അത്യാസന്നഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ കിംസ്ഹെല്‍ത്തിന്‍റെ ടെലിട്രയാജ്

തിരുവനന്തപുരം: അത്യാസന്നഘട്ടങ്ങളില്‍ വീഡിയോ കോളിലൂടെ വിദഗ്ധ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കി വളരെ വേഗം ചികിത്സ ഉറപ്പാക്കി രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കിംസ്ഹെല്‍ത്ത് സംസ്ഥാനത്താദ്യമായി ടെലിട്രയാജ് ആരംഭിച്ചു. റോഡിലും വീട്ടിലും അപകടങ്ങളുണ്ടാകുന്ന ഘട്ടത്തിലും ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടപ്പോഴും ശസ്ത്രക്രിയ സംബന്ധ സഹായം ലഭ്യമാക്കുന്നതിനുമാണ് ടെലിട്രയാജ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

കിംസ്ഹെല്‍ത്തിന്‍റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ (സിഎസ്ആര്‍) ഭാഗമായി സൗജന്യമായാണ് വീഡിയോ കോളിലൂടെ രോഗിയുടെ അവസ്ഥ മനസ്സിലാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നത്. 9567035522 എന്ന ഫോണ്‍ നമ്പറിലൂടെയാണ് കിംസ്ഹെല്‍ത്ത് ടെലിട്രയാജ് അടിയന്തര സേവനം ഉറപ്പാക്കുന്നത്.

അത്യാസന്ന ഘട്ടങ്ങളില്‍ വളരെ വേഗം അനുയോജ്യ മാര്‍ഗനിര്‍ദേശം നല്‍കി ചികിത്സ ഉറപ്പാക്കി ജീവന്‍ രക്ഷിക്കാനാകുന്ന സേവനമാണ് ടെലിട്രയാജ് എന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ള പറഞ്ഞു. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സേവനം വിപുലപ്പെടുത്തി സംസ്ഥാനത്തെ മറ്റു കിംസ്ഹെല്‍ത്ത് കേന്ദ്രങ്ങളിലും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ആശങ്കകള്‍ കൂടാതെ രോഗിക്ക് തക്കസമയത്ത് ചികിത്സ  ഉറപ്പാക്കി ജീവന്‍ രക്ഷിക്കാനാകുമെന്നതാണ് ടെലിട്രയാജിന്‍റെ നേട്ടമെന്ന് പീഡിയാട്രിക് എമര്‍ജന്‍സി ആന്‍ഡ് ഐസിയു വിഭാഗം കണ്‍സള്‍ട്ടന്‍റും ടെലിട്രയാജ് കോഓര്‍ഡിനേറ്ററുമായ ഡോ. പ്രമീള ജോജി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഈ സേവനം നിലവിലുണ്ട്. അത്യാസന്നഘട്ടങ്ങളില്‍ ഡോക്ടറെ തേടിയെത്തുന്ന സമയം ലഘൂകരിച്ച് തത്സമയം ചികിത്സാ നിര്‍ദേശങ്ങള്‍ ലഭ്യമാക്കി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനാകും. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്ക് അത്യാസന്നഘട്ടങ്ങളില്‍ വളരെ സഹായകമാണ് ഈ സംവിധാനമെന്നും അവര്‍ വ്യക്തമാക്കി.

ഡോ. പ്രമീള ജോജിക്കൊപ്പം എമര്‍ജന്‍സി വിഭാഗം മേധാവി ഡോ.ഷമീമും എമര്‍ജന്‍സി നഴ്സിംഗ് കോര്‍ഡിനേറ്റര്‍ സംഗീതയും ട്രെലിട്രയാജിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. മറ്റു സുപ്രധാന വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ട്  എമര്‍ജന്‍സി വിഭാഗത്തിലാണ് ഈ ഫോണ്‍നമ്പര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ പ്രത്യേക കോഴ്സുകളായ ബിഎല്‍എസ്, എസിഎല്‍എസ്, പിഎഎല്‍എസ്, എറ്റിഎല്‍എസ് എന്നിവയില്‍ നൈപുണ്യം നേടിയ പരിചയ സമ്പന്നരായ ഡോക്ടര്‍മാരാണ് അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കി പെട്ടെന്ന് ചികിത്സ തേടാന്‍ സഹായിക്കുകയും അല്ലാത്തവര്‍ക്ക് വിദഗ്ധ ചികിത്സ നിര്‍ദേശിക്കുകയും ചെയ്യുന്നത്.

എമര്‍ജന്‍സി അഡല്‍റ്റ് ഫിസിഷന്‍, എമര്‍ജന്‍സി പീഡിയാട്രിക് ഫിസിഷന്‍ എന്നിവരുടെ സേവനം മുഴുവന്‍ സമയവും ലഭിക്കും. ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യാതെ അടിയന്തര ഘട്ടങ്ങളില്‍ മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ്. അത്യാസന്നനിലയിലുള്ളവര്‍ക്ക് വീഡിയോ കോളിലൂടെ പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുമ്പോള്‍ തന്നെ ആശുപത്രിയിലെ ആംബുലന്‍സ് ടീം രോഗിയുടെ  സ്ഥലത്തെത്തി വളരെ വേഗം രോഗിയെ ആശുപത്രിയില്‍ എത്തിച്ച് ദ്രുതഗതിയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭിക്കുന്നതിന് 9567035522 എന്ന നമ്പര്‍ സ്വന്തം മൊബൈലില്‍ സേവ് ചെയ്യേണ്ടതാണ്.