‘മ’ കാരം മത്തായി നിര്യാതനായി

കണ്ണൂര്‍: ‘മ’ എന്ന മലയാള അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത മകാരം മത്തായി (മാത്യു കൊട്ടാരം 84) നിര്യാതനായി. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ചുങ്കക്കുന്ന് സ്വദേശിയാണ്. ഭാര്യ ഏലിക്കുട്ടി. മക്കള്‍ മേഴ്‌സി, മനോജ്. മരുമക്കള്‍ ജെയ്‌മോന്‍, സോള്‍ജി. സംസ്‌കാരം ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍ നടക്കും.

കണ്ണൂര്‍ കേളകം ചുങ്കക്കുന്ന് സ്വദേശിയായ കൊട്ടാരം മാത്യു എന്ന മകാരം മത്തായി 1988ല്‍ ആണ് മ’ യില്‍ തുടങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച് മണിക്കുറുകളോളം സംസാരിക്കാന്‍ ആരംഭിച്ചത്. 1992ല്‍ തിരുവനന്തപുരത്ത് എട്ടുമണിക്കൂര്‍ തുടര്‍ച്ചയായി ‘മ’ കാരത്തില്‍ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി. മുഴുവന്‍ വാക്കുകളും വരികളും ‘മ’ യില്‍ തുടങ്ങുന്ന 176 പേജുള്ള പുസ്തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന നിലയില്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചു.

കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശങ്ങളിലും മാക്ഷരങ്ങള്‍കൊണ്ട് മായാജാല പ്രകടനം നടത്തിയ മത്തായിയെ തേടി അനവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ‘മ’ യ്ക്കു പുറമേ അ, ക, പ, സ, ട്ട, എന്നീ അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയും മത്തായി സംസാരിക്കാറുണ്ട്. തിക്കുറുശിയാണ് കൊട്ടാരം മാത്യുവിന് മകാരം മത്തായി എന്ന പേരു നല്‍കിയത്.