കേരളത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിച്ചോ ? ചിന്ത ജെറോമിന് എങ്ങനെ വാക്‌സിന്‍ ലഭിച്ചുവെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: പതിനെട്ട് വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കും വാക്‌സിന്‍ വിതരണത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നുവെങ്കിലും വാക്‌സിന്‍ ക്ഷാമത്താല്‍ മിക്ക സംസ്ഥാനങ്ങളിലും ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഈ പ്രായക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിനുവേണ്ടിയുള്ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇപ്പോള്‍ കഴിയുന്നുമുണ്ട്. മിക്ക ഇടങ്ങളിലും ആദ്യ ഡോസ് സ്വീകരിച്ച അറുപതിനു മുകളിലുള്ളവര്‍ക്ക് പോലും കാലാവധി കഴിയും മുന്‍പേ രണ്ടാം ഡോസ് ഉറപ്പാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ് ഭരണകൂടങ്ങള്‍. എന്നാല്‍ യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം വാക്‌സിന്‍ സ്വീകരിച്ചു എന്ന അറിയിച്ചുകൊണ്ട് സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

സംസ്ഥാനത്ത് 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ആരംഭിച്ചു എന്ന് ഔദ്യോഗികമായി അറിയിപ്പ് വരുന്നതിനും മുന്‍പേ എങ്ങനെ ചിന്തയ്ക്ക് വാക്‌സിന്‍ ലഭിച്ചു എന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ സംശയം ഉയരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് പ്രായഭേദമന്യേ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. പിന്‍വാതിലിലൂടെ വാക്‌സിന്‍ സ്വീകരിച്ചോ എന്നും ചോദ്യം ഉയരുന്നുണ്ട്. തലസ്ഥാനത്തെ മുന്‍മേയര്‍ ക്യൂപാലിക്കാതെ വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിച്ചുവെന്നും ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.