കൊവിഡിനെതിരെ ഒറ്റ ഡോസ് വാക്‌സീനുമായി റഷ്യ, 80 ശതമാനം ഫലപ്രദം; വില 10 ഡോളര്‍

മോസ്‌കോ: സ്പുട്‌നിക് വി കൊറോണവൈറസ് വാക്‌സീന്റെ ഒറ്റ ഡോസ് വകഭേദത്തിന് റഷ്യയിലെ ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കി. റഷ്യയിലെ പ്രത്യക്ഷ നിക്ഷേപ ഫണ്ടാണ്(ആര്‍ഡിഐഎഫ്) ഈ വാക്‌സീന്‍ നിര്‍മ്മാണത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്. 79.4 ശതമാനമാണ് വാക്‌സീന്റെ കാര്യക്ഷമത. രണ്ട് ഡോസുള്ള സ്പുട്‌നിക് വി വാക്‌സീന്‍ 91.6 ശതമാനം കാര്യക്ഷമമാണ്.

വാക്‌സീന്‍ കുത്തിവെച്ച് 28 ദിവസത്തിന് ശേഷം നടത്തിയ വിവരശേഖരണത്തിലൂടെയാണ് വാക്‌സീന്‍ ഫലപ്രദമെന്ന് കണ്ടെത്തിയത്. 2020 ഡിസംബര്‍ 5 നും 2021 ഏപ്രില്‍ 15 നും ഇടയിലായിരുന്നു പരീക്ഷണം. ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ റഷ്യന്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മരുന്നിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയോ, അമേരിക്കയിലെ ഫുഡ്‌സ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെയോ അനുമതി ലഭിച്ചിട്ടില്ല. 10 ഡോളറില്‍ താഴെയാണ് മരുന്നിന് വില. ഏതാണ്ട് 700 രൂപയോളം വരുമിത്.