എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി ചമച്ച കേസില്‍ സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

    കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന  സുരേഷിനെ  ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബു എല്‍എസ്സിനെതിരെ വ്യാജപരാതികള്‍ ചമച്ച കേസിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഈ കേസില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ പ്രകാരം കസ്റ്റഡിയില്‍ വിട്ടത്. എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ എച്ച്ആര്‍ മാനേജര്‍ ആയിരിക്കെയാണ് സ്വപ്ന സിബുവിനെതിരെ വ്യാജപരാതികള്‍ ചമച്ചത്.

    കേസില്‍ എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികയാണ്. കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയര്‍ഇന്ത്യാ ഉദ്യോഗസ്ഥരെയും കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ ഈ കേസും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിന് എല്‍എസ് സിബുവിനെതിരെ എയര്‍ ഇന്ത്യ നടപടിയെടുത്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എല്‍എസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നല്‍കിയത്.

    സ്വര്‍ണക്കളളക്കടത്തുകേസില്‍ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുകയാണ് സ്വപ്ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് ഇവരുടെ അമ്മ കത്തയച്ചിരുന്നു. സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ സ്വപ്ന രോഗബാധിതയാകാന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കത്തിന്റെ അടിസ്ഥാനത്തില്‍ കോഫോ പോസ വിംങ് ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു.