സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 800 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍; രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്

    തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കുളള ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈ മാസം ഇരുപതിനാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. പന്തലടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പണികള്‍ പുരോഗമിക്കുകയാണ്.

    കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. 800 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. മുന്‍കൂട്ടി അറിയിച്ചവര്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

    ഇരുപതാം തീയതി സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാല്‍ പതിനെട്ടോട് കൂടി തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

    രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് നല്‍കാനാകില്ലെന്ന നിലപാടിലാണ് സി പി എം. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ലെന്നത് തീരുമാനം ആണെങ്കില്‍ സുപ്രധാന വകുപ്പുകളില്‍ ഒന്ന് വേണമെന്ന നിലപാട് കേരളാ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള വകുപ്പുകള്‍ വിട്ടുകൊടുത്ത് നീക്കുപോക്കിന് സി പി ഐ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ഇനിയും വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.