ടൗട്ടെ ശക്തിപ്രാപിച്ചു; തീവ്ര ചുഴലിക്കാറ്റായി

    തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി.
    അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
    ഗോവയിലെ പാൻജിം തീരത്ത് നിന്ന് ഏകദേശം 220 കിമീ തെക്കു-തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 590 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ വെരാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 820 കിമീയും പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും 940 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

    കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

    കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.