ശൈലജ ഒഴികെ സി.പി.എമ്മില്‍നിന്നുള്ള എല്ലാ മന്ത്രിമാരും പുതുമുഖങ്ങള്‍

    കോഴിക്കോട്: സി.പി.എമ്മില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മന്ത്രിമാര്‍ ആരൊക്കെയെന്ന് നിശ്ചയിക്കുന്നതിനുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ എ.കെ.ജി. സെന്ററില്‍ നടക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സി.പി.എമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എം.എല്‍.എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം സി.പി.എം. വിട്ടുകൊടുക്കും. പിണറായിയും ശൈലജയും ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാകും.

    സ്പീക്കറായി വനിതയെ നിശ്ചയിച്ചാല്‍ കെ.കെ ശൈലജ അല്ലെങ്കില്‍ വീണ ജോര്‍ജ് ഇവരില്‍ ഒരാള്‍ പദവിയിലെത്തും. ശൈലജയെ മന്ത്രിസഭയില്‍ നിലനിര്‍ത്താനാണ് എല്ലാ സാധ്യതയും അങ്ങനെയെങ്കില്‍ വനിതാ സ്പീക്കര്‍ എങ്കില്‍ അത് വീണ ജോര്‍ജിനാണ് എല്ലാ സാധ്യതയും

    എ.സി. മൊയ്തീന്‍ മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍ എന്നിവരെയാണ് പരിഗണിക്കുന്നത് യുവജന സംഘടനാ പ്രാതിനിധ്യവും ഇവര്‍ക്ക് അനുകൂല ഘടകമാണ്.

    വനിതകളില്‍ വീണ ജോര്‍ജ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. വീണയെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.

    മന്ത്രിമാരായി വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, വി.എന്‍ വാസവന്‍, എം. ബി. രാജേഷ്, പി. നന്ദകുമാര്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവരുടെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. കെ.ടി. ജലീലിനെ മാറ്റിനിര്‍ത്തിയാല്‍ വി. അബ്ദുറഹ്മാനെ പരിഗണിക്കാനിടയുണ്ട്.

    സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിശ്ചയിച്ചാല്‍ വനിതകളില്‍ ഒരാള്‍ മാത്രം മന്ത്രിയാകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകള്‍  വേണമെന്ന് തീരുമാനിച്ചാല്‍ രണ്ടാം മന്ത്രിയായി കാനത്തില്‍ ജമീലയ്ക്കോ ആര്‍. ബിന്ദുവിനോ സാധ്യത തെളിയും. രണ്ടില്‍ ഒരാള്‍ മന്ത്രിയാകാനാണ് സാധ്യത.

    റിയാസും അബ്ദുറഹ്മാനും മന്ത്രിസഭയിലെത്തിയാല്‍ ബിന്ദുവിനാകും അവസരം ലഭിക്കുക. പാലക്കാട് ജില്ലാ പ്രാതിനിധ്യവും ചെറുപ്പവും എം.ബി. രാജേഷിന് തുണയാകുമ്പോള്‍ സീനിയോറിറ്റി കണക്കിലെടുത്താന്‍ ഒരുപക്ഷേ മമ്മിക്കുട്ടിക്ക് നറുക്ക് വീണേക്കാം.

    ജനാധിപത്യ കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ബിക്കുമായി രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വീതിച്ചുനല്‍കി. ആദ്യ ടേമില്‍ ആന്റണി രാജുവും രണ്ടാം ടേമില്‍ ഗണേഷ്‌കുമാറും മന്ത്രിയാകും. ലത്തീന്‍ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ആന്റണി രാജുവിന് ആദ്യം ടേം ലഭിക്കുന്നത്.

    അഹമ്മദ് ദേവര്‍കോവില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടും. ഇതില്‍ ആദ്യ ടേം അഹമ്മദ് ദേവര്‍കോവിലിനാകും ലഭിക്കുക. ദശാബ്ദങ്ങളായി ഇടതു മുന്നണിയുമായി സഹകരിക്കുന്ന ഐ.എന്‍.എല്ലിനും ഇതാദ്യമായി മന്ത്രിസ്ഥാനം ലഭിക്കുകയാണ് അഹമ്മദ് ദേവര്‍കോവിലിലൂടെ.

    സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. ഒപ്പം ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐയില്‍ നിന്നാകും. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തുനിന്ന് റോഷി അഗസ്റ്റിന്‍ മന്ത്രിയാകും. പാര്‍ട്ടിക്ക് ലഭിച്ച ചീഫ് വിപ്പ് സ്ഥാനം എന്‍. ജയരാജിനായിരിക്കും.

    ജെ.ഡി.എസ്സിനും എന്‍.സി.പിക്കും ഓരോ മന്ത്രിമാരുണ്ടാകും.