ആവശ്യവുമായി എത്തിയ ആളെ കമന്റ് ബോക്‌സ് വഴി സഹായിച്ച് ഷാഫി പറമ്പില്‍

തനിക്ക് മരുന്ന് കൊറിയര്‍ വഴി ലഭിക്കുന്നതിനായി തന്റെ ഫേസ്ബുക്ക് പേജ് വഴി സഹായം ചോദിച്ചയാള്‍ക്ക് കമന്റ് ബോക്‌സ് വഴി പ്രശ്‌നപരിഹാരം നടത്തി നിയുക്ത പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. വിനീത് അമ്പലമാറ്റില്‍ എന്ന പാലക്കാട് പുലാപ്പറ്റ സ്വദേശിയായ യുവാവാണ് ഷാഫിയുടെ ഒരുപോസ്റ്റിനു കീഴിലെ കമന്റ് ബോക്‌സിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയത്.

കൊറിയര്‍ വഴി മരുന്ന് ലഭ്യമാക്കാനായി തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് വീരനാട് ഉള്ള ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നമ്പര്‍ ലഭിക്കുമോ എന്നായിരുന്നു വിനീതിന്റെ ചോദ്യം. വിനീതിന്റെ കമന്റിന് കീഴിലായി ‘ഷാഫിക്കായ്ക്ക് ഇന്‍ബോക്‌സ് ചെയ്യൂ… ഇത് ചിലപ്പോള്‍ ശ്രദ്ധിക്കണമെന്നില്ല’- എന്ന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത് കാണാം.

എന്നാല്‍ ഒട്ടും വൈകാതെ വിനീതിന്റെ കമന്റിന് മറുപടി നല്‍കികൊണ്ട് ഷാഫി പറമ്പില്‍ തന്നെ വരികയായിരുന്നു. ഈ ആവശ്യത്തിനായി സുധീര്‍ ഷാ എന്നൊരാളെ ഫോണ്‍ വഴി ബന്ധപ്പെടാനാണ് ഷാഫി വിനീതിനോട് ആവശ്യപ്പെട്ടത്.

ഒപ്പം സുധീറിന്റെ നമ്പറും ഷാഫി നല്‍കിയിട്ടുണ്ട്. മഴ മൂലം വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളില്‍ ജനറേറ്റര്‍ ഉപയോഗിച്ച് മോട്ടോര്‍ പമ്പ് പ്രവര്‍ത്തിപ്പിച്ച് ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ വാട്ടര്‍ ടാങ്ക് നിറച്ച് കൊടുത്ത കാര്യം വിശദീകരിക്കുന്ന ഷാഫി പറമ്പിലിന്റെ പോസ്റ്റിനു കീഴിലാണ് യുവാവ് സഹായാഭ്യര്‍ത്ഥനയുമായി എത്തിയത്.