ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യു.എ.ഇ

ദുബായ് ∙ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി. തങ്ങളുടെ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇതുമൂലം 30 ദിവസം തുടങ്ങി കുറഞ്ഞ അവധിക്ക് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരൊക്കെ യാത്ര മാറ്റിവച്ചിരുന്നു.

ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതൽ പരിതാപകരമായതിനാൽ യാത്രാ വിലക്ക് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് ഇൗ മാസം 14ന് അവസാനിക്കാനിക്കുന്നതിന് മുൻപ് തന്നെ അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവച്ചു. ഇതിനിടെയാണ് ഇപ്പോൾ എമിറേറ്റ്സ് ജൂൺ 14 വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.

അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുന്നു. സന്ദർശക വീസക്കാരും വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. തിരിച്ചു വരവ് അനിശ്ചിതമായി നീളുമെന്ന് ഉറപ്പായതിനാൽ ജോലിയുള്ളവരാരും പോകാൻ മുതിരുന്നില്ല. എന്നാൽ, നേരത്തെ അവധിക്ക് ചെന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയവരും സന്ദർശക വീസയിൽ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കും നല്ല ‘പണി’കിട്ടുകയും ചെയ്തു.

പെരുന്നാളാഘോഷിക്കാൻ യുഎഇയിലേയ്ക്ക് വരാൻ സന്ദർശക വീസയെടുത്ത് തയ്യാറായിരുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇവരിൽ പലർക്കും സംഭവിക്കുക. ഇതുകൂടാതെ, താമസ വീസാ കാലാവധി കഴിയാറായ പലരും കടുത്ത ആശങ്കയിലാണ്. പക്ഷേ, നേരത്തെ യുഎഇ ഗവണ്മെന്റ് അനുവദിച്ചിരുന്നതുപോലെ സന്ദർശക വീസയും താമസ വീസയും കാലാവധി നീട്ടിക്കൊടുക്കുമെന്ന് പ്രതീക്ഷ ആരും കൈവിട്ടിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിച്ചു.