ലക്ഷ്യമിട്ടത് കോവിഡ് വാക്സിൻ മോഷണം; പക്ഷെ, ആശുപത്രി കുത്തിത്തുറന്ന് കടത്തിയത് കുട്ടികളുടെ വാക്സിന്‍

മുംബൈ: മഹാരാഷ്ട്രയില്‍ താനെയിലെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് കുട്ടികള്‍ക്ക് വേണ്ടി എത്തിച്ച 300 വയല്‍ വാക്‌സിന്‍ മോഷണം പോയി. ടി.ബിയുടേത് ഉള്‍പ്പെടെ വിവിധ വിഭാഗത്തില്‍ ഉള്‍പെട്ട വാക്‌സിനുകളാണ് മോഷണം പോയത്.

ഉല്ലാസ്‌നഗറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാര്‍ ജോലിക്കെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രിയുടെ നിലത്ത് നിരവധി വാക്‌സിന്‍ വയലുകള്‍ ചിതറിക്കിടന്നിരുന്നു. വാക്‌സിന്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിന്റെ ലോക്ക് തകര്‍ത്ത നിലയിലാണുണ്ടായിരുന്നത്. ഉടന്‍ അധികൃതരെ വിവരമറിയിച്ചു.

25 വയല്‍ ടിബി വാക്‌സിന്‍, 17 വയല്‍ വില്ലന്‍ ചുമയുടെ വാക്‌സിന്‍,ടെറ്റനസ് വാക്‌സിന്റെ 15 വയല്‍, റുബെല്ല വാക്‌സിന്റെ 30 വയല്‍, റോട്ടാവൈറസിന്റെ 270 വയല്‍ എന്നിവാണ് മോഷണം പോയതെന്ന് ഹെല്‍ത്ത് സെന്റര്‍ അധികൃതര്‍ പോലീസിനെ അറിയിച്ചു.

കോവിഡ് വാക്‌സിനായാണ് മോഷ്ടാക്കള്‍ എത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിപ്പ് സംഘം കൊണ്ടുപോയ വയലുകളില്‍ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. ഇവ കോവിഷീല്‍ഡ് വാക്‌സിന്‍ ആണെന്ന് കരുതി മോഷ്ടിച്ചതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഹെല്‍ത്ത് സെന്ററിലോ സിസിടിവിയും മോണിറ്ററും ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്.

ആശുപത്രി ബാത് റൂമിന്റെ ജനല്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് കണ്ടെത്തി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.