കൊടകര കുഴല്‍പ്പണം കേസ്; പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി ഓഫീസ് സെക്രട്ടറി

    തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പണത്തിന്റെ ഉറവിടത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍. തെരഞ്ഞെടുപ്പ് ഫണ്ട് കേരളത്തിലേക്ക് വന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് മൊഴി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനുമായുളളത് സംഘടനാ തലത്തിലുളള ബന്ധം മാത്രമാണെന്നും മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഗിരീഷ് വ്യക്തമാക്കി.

    ആര്‍എസ്എസ് നേതാവ് ധര്‍മ്മരാജനെയും, മുന്‍ യുവമോര്‍ച്ച സംസ്ഥാന നേതാവ് സുനില്‍ നായക്കിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷന്റെ നിലപാട് ചോദ്യം ചെയ്യലിന്റെ തുടക്കം മുതലേ ഗിരീഷ് ആവര്‍ത്തിച്ചു. ബിജെപിയുടെ എല്ലാ പണമിടപാടുകളും ഡിജിറ്റല്‍ വഴി മാത്രമാണ്. അതുകൊണ്ട് ഇത്തരത്തില്‍ കാര്‍ മാര്‍?ഗം തെരഞ്ഞെടുപ്പ് ഫണ്ട് എത്തിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല.

    ധര്‍മ്മരാജനുമായി എന്തു ബന്ധമാണെന്നും പണം കവര്‍ച്ച ചെയത ശേഷം ധര്‍മ്മരജനെ ഫോണില്‍ ബന്ധപ്പെട്ടതെന്തിനാണെന്നും അന്വേഷണസംഘം ചോദിച്ചു. ധര്‍മ്മരാജനെ നന്നായി അറിയാം. ഫോണില്‍ ബന്ധപ്പെടാറുളളത് സംഘടനാ കാര്യങ്ങള്‍ പറയാന്‍ മാത്രമാണെന്നായിരുന്നു ഗിരീഷിന്റെ മറുപടി. പണം കൊണ്ടുവന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിനായിരുന്നെന്നും ആലപ്പുഴ ജില്ല ട്രഷററെ എല്‍പ്പിക്കാനായിരുന്നു നിര്‍ദേശമെന്നുമാണ് ധര്‍മ്മരാജന്റെ മൊഴി. എന്നാല്‍ ഈ മൊഴി സംസ്ഥാന നേതാക്കള്‍ തള്ളികളയുകയാണ്.

    കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയെന്നതിനുള്ള കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ലഭിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യും. ആരെയൊക്കെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്നതിന്റെ പട്ടിക അന്വേഷണസംഘം തയ്യാറാക്കുകയാണ്.കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉള്‍പ്പെടെയുളളവരെ അടുത്ത ദിവസം ചോദ്യം ചെയ്യും.