ലക്ഷദ്വീപില്‍ വീണ്ടും അറസ്റ്റ്; യാത്രാനിയന്ത്രണം സംബന്ധിച്ച കരട് തയ്യാറാക്കാന്‍ പ്രത്യേക സമിതി

    കവരത്തി:  ലക്ഷദ്വീപില്‍ കളക്ടര്‍ക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തില്‍ 12 പേര്‍ കൂടി അറസ്റ്റിലായി.കഴിഞ്ഞ ദിവസം കളക്ടര്‍ എസ്.അസ്‌കര്‍ അലി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് ദ്വീപില്‍ പ്രതിഷേധം നടന്നിരുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. അതിനാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

    കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേര്‍ റിമാന്‍ഡിലാണ്. ജാമ്യമില്ലാവകുപ്പുകളാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്.

    ലക്ഷദ്വീപിലേക്കുളള യാത്രക്ക് നിരോധനം വരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. യാത്ര സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ആറംഗം കമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കി. ഇന്നലെയാണ് ഇത്സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

    കപ്പല്‍,വിമാന യാത്രകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ആദ്യ യോഗം ജൂണ്‍ അഞ്ചിന് നടക്കും. തുടര്‍ന്ന് കൂടിയാലോചനകള്‍ നടത്തി ഏതുതരത്തില്‍ നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തി 15-ാം തിയതിയോടെ നിയമം നടപ്പിലാക്കാനാണ് തീരുമാനം.