കഞ്ചാവ് കൃഷിയെന്ന് കരുതി റെയ്ഡ്, കണ്ടത് വമ്പന്‍ ബിറ്റ്കോയിന്‍ മൈനിങ്; വന്‍തോതില്‍ വൈദ്യുതിമോഷണവും

ബ്രിട്ടനിലെ ബിര്‍മിങ്ഹാമിലെ പരിസരപ്രദേശത്താണ് വമ്പന്‍ ബിറ്റ്‌കോയിന്‍ മൈനിങ് കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, മൈനിങ്ങിന് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മെയ് 18-നാണ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് പോലീസ് വ്യവസായശാലയില്‍ റെയ്ഡ് നടത്തിയത്. കെട്ടിടത്തിലേക്ക് നിരവധിപേര്‍ വന്നുപോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കെട്ടിടത്തിനകത്ത് കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നായിരുന്നു സംശയം. പോലീസ് ഡ്രോണ്‍ ഉപയോഗിച്ചും മറ്റും നടത്തിയ നിരീക്ഷണത്തില്‍ ഈ സംശയം സാധൂകരിക്കുന്ന സജ്ജീകരണങ്ങളും കണ്ടെത്തി. തുടര്‍ന്നാണ് പോലീസ് സംഘം വ്യവസായശാലയില്‍ റെയ്ഡ് നടത്തിയത്.

എന്നാല്‍ കഞ്ചാവ് കൃഷി പ്രതീക്ഷിച്ചെത്തിയ പോലീസ് സംഘം കണ്ടത് നൂറോളം കമ്പ്യൂട്ടറുകളും ഇലക്ട്രിക് മീറ്ററുകളും. ഇതോടെയാണ് കെട്ടിടത്തിനകത്ത് ബിറ്റ്‌കോയിന്‍ മൈനിങ്ങാണ് നടന്നിരുന്നതെന്ന് മനസിലായത്. വന്‍തോതില്‍ വൈദ്യുതി ആവശ്യമുള്ള മൈനിങ്ങിന് വേണ്ടി ഇവര്‍ വൈദ്യുതി മോഷ്ടിച്ചതായും കണ്ടെത്തി. തുടര്‍ന്നാണ് കമ്പ്യൂട്ടറുകളും മറ്റ് സജ്ജീകരണങ്ങളും പിടിച്ചെടുത്തത്.

വെസ്റ്റ് മിഡ്‌ലാന്റിലെ രണ്ടാമത്തെ ക്രിപ്‌റ്റോകറന്‍സി മൈനിങ്ങാണ് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഇത് തീര്‍ത്തും തങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നില്ല എന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. കഞ്ചാവ് കൃഷി നടത്തുന്നതിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നു. എന്നാല്‍ അകത്തുകയറിയതോടെയാണ് ബിറ്റ്‌കോയിന്‍ മൈനിങ്ങാണെന്ന് കണ്ടെത്തിയതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയാണ് ബിറ്റ്‌കോയിന്‍ മൈനിങ്. കമ്പ്യൂട്ടറുകളില്‍ അതിസങ്കീര്‍ണമായ ഗണിതപ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഓരോ ബിറ്റ്‌കോയിനും നിര്‍മിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന മൈനേര്‍സിന് തക്കതായ പ്രതിഫലവും ലഭിക്കുന്നു. അതേസമയം, ഇത്രയധികം കമ്പ്യൂട്ടറുകള്‍ ഏറെസമയം പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാല്‍ ഈ പ്രക്രിയ വന്‍തോതില്‍ വൈദ്യുതചെലവ് വരുന്നതാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന രാജ്യം ഒരുവര്‍ഷം ഉപയോഗിക്കുന്ന അതേ വൈദ്യുതിയാണ് ബിറ്റ്‌കോയിന്‍ മൈനിങ്ങിന് വേണ്ടിവരുന്നത്. മാത്രമല്ല, ഇതിലൂടെ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവും ഭീഷണിയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാന്‍ സര്‍ക്കാര്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രിപ്‌റ്റോകറന്‍സികളുടെയും മൈനിങ് നിരോധിച്ച് ഉത്തരവിട്ടത്. ഇറാനിലെ ചില നഗരങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാകാന്‍ കാരണം ക്രിപ്‌റ്റോകറന്‍സി മൈനിങ്ങാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ലോകത്തെ ബിറ്റ്‌കോയിന്‍ മൈനിങ്ങിന്റെ 4.5 ശതമാനവും ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇറാനില്‍ നടന്നതായാണ് റിപ്പോര്‍ട്ട്.