തൃശൂര്‍: വാടാനപ്പിളളി തൃത്തല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരു പ്രവര്‍ത്തകന് കുത്തേറ്റു. കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലിയുളള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍.
തൃത്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സീന്‍ എടുക്കാന്‍ വന്നതിനിടെയാണ് വാക്കേറ്റമുണ്ടായതും കത്തിക്കുത്ത് നടന്നതും. ബിജെപി പ്രവര്‍ത്തകന്‍ കിരണി(27)നാണ് കുത്തേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടകര കുഴല്‍പ്പണക്കേസ് സംബന്ധിച്ച് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതാണ് ഇപ്പോള്‍ പരസ്യസംഘര്‍ഷത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ വ്യക്തിവൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്നും കൊടകര കുഴല്‍പ്പണക്കേസുമായി സംഭവത്തിന് ബന്ധമില്ലെന്നുമാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം.
 
            


























 
				
















