ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

    തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി.കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിത രീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും ,പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.