‘മാര്‍ക്കറ്റും ഷോപ്പിങ് മാളുകളും തുറക്കാം’; ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ചു

    ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പകുതി കടകൾ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകൾ എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് മണി വരെ തുറക്കാനും അനുമതി നൽകി.

    50 ശതമാനം യാത്രക്കാരുമായി ഡൽഹി മെട്രോയും സർവീസ് നടത്തും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു. സ്വകാര്യ ഓഫീസുകൾക്ക് 50 ശതമാനം ജീവനക്കാരോടെ തുറന്നുപ്രവർത്തിക്കാം. അതേസമയം സാധ്യമായ സ്ഥാപനങ്ങളെല്ലാം നിലവിലെ വർക്ക് ഫ്രം ഹോം സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

    പൊതുമേഖല സ്ഥാപനങ്ങളിൽ ഗ്രൂപ്പ് എ ജീവനക്കാർക്ക് എല്ലാ ദിവസവും ഓഫീസിലെത്താം. ഇതിന് താഴെയുള്ള ഗ്രൂപ്പുകളിലെ ജീവനക്കാരിൽ 50 ശതമാനം ഓഫീസിലെത്തിയാൽ മതി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടുമ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    കോവിഡിന്റെ മൂന്നാംതരംഗത്തെ നേരിടാൻ തയ്യാറെടുക്കുകയാണ്. ഓക്സിജൻ വിതരണം ഉറപ്പുവരുത്താൻ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ ആരംഭിക്കുമെന്നും കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളെ കണ്ടെത്താൻ രണ്ട് ജീനോം ട്രാക്കിങ് ലാബുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.