ബജറ്റ് ഭേദഗതി, കാപട്യം: വി.ഡി. സതീശന്‍

തിരുവനന്തപുരം: 8900 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച ധനമന്ത്രിയുടെ വിശദീകരണം ബജറ്റില്‍ വരുത്തിയ ഭേദഗതിയാണെന്നു പ്രതിപക്ഷം വിമര്‍ശിച്ചു. ബജറ്റില്‍ ഒളിപ്പിച്ചുവച്ച കാപട്യത്തിന്റെ തെളിവാണിതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.

മഹാമാരി ജീവിതം തകര്‍ത്തവരുടെ കൈകളിലേക്കു നേരിട്ടു പണമെത്തിക്കാനായി 8900 കോടി നീക്കിവച്ചെന്ന ബജറ്റ് പ്രഖ്യാപനത്തെ വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പ്രതിപക്ഷനേതാവ് സ്വാഗതം ചെയ്തു. അപ്പോഴാണ്, തൊട്ടുമുന്‍പു ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അതു പെന്‍ഷനും തൊഴിലുറപ്പു പദ്ധതിയും മറ്റും ചേര്‍ന്ന തുകയാണെന്നു വിശദീകരിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചത്. ഇതോടെ ബജറ്റ് പ്രസംഗത്തിലെ ബന്ധപ്പെട്ട ഭാഗം പ്രതിപക്ഷനേതാവ് വായിച്ചു. ജനങ്ങള്‍ക്കു പുതിയ സഹായം എന്നല്ലേ ഇതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയൂവെന്നു സതീശന്‍ ചോദിച്ചു.

20,000 കോടിയുടെ പുതിയ പാക്കേജ് തന്നെ തട്ടിപ്പാണെന്നാണ് ഇതില്‍നിന്നു കരുതണം. ഉത്തേജക പാക്കേജെന്നു പറഞ്ഞ് അവതരിപ്പിച്ച ശേഷം കരാറുകാരുടെ കുടിശിക തീര്‍ത്ത മാതൃകയാണ് ഈ ബജറ്റും പിന്തുടരുന്നത്. ഖജനാവില്‍ തോമസ് ഐസക് മാറ്റിവച്ചെന്നു പറഞ്ഞ 5000 കോടി രൂപ എവിടെപ്പോയി? ബജറ്റ് എസ്റ്റിമേറ്റുകളില്‍ പൊരുത്തക്കേടുണ്ട്.

ബജറ്റില്‍ അനാവശ്യമായി രാഷ്ട്രീയം കുത്തിനിറച്ചതായി സതീശന്‍ ആരോപിച്ചു. പുത്തരിക്കണ്ടം മൈതാനത്തു പറയേണ്ട കാര്യങ്ങള്‍ ബജറ്റില്‍ എഴുതിവയ്‌ക്കേണ്ട കാര്യമില്ല. തോട്ടം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഭൂപരിഷ്‌കരണ നിയമഭേദഗതിക്കാണു സര്‍ക്കാര്‍ മുതിരുന്നത്. ഇക്കാര്യം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യണം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഒട്ടും സുഖകരമാകില്ല എന്നതിന്റെ വ്യക്തമായ സൂചനയാണു ബജറ്റ് നല്‍കുന്നതെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കര്‍ഷകരക്ഷയ്ക്കായി കാതലായ പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നു മോന്‍സ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.