നിയമങ്ങള്‍ അനുസരിക്കുക, അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകുക’; ട്വിറ്ററിന് അന്തിമ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമ നിയമ ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലെ പോര് കടുക്കുന്നു. പോസ്റ്റുകള്‍ നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥനെ നിയമിക്കാത്ത ട്വിറ്റര്‍ നടപടിയില്‍ കേന്ദ്രം ഇന്ന് അവസാന മുന്നറിയിപ്പ് നല്‍കി.

    ഒരു പതിറ്റാണ്ടോളമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടും ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമയബന്ധിതമായോ സുതാര്യമായോ പരിഹരിക്കാന്‍ ട്വിറ്ററിന് കഴിഞ്ഞിട്ടില്ല. ഐ.ടി മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത പക്ഷം പ്‌ളാറ്റ്‌ഫോമിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടാന്‍ ട്വിറ്ററും ബാദ്ധ്യസ്ഥമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

    ഐ.ടി നിയമങ്ങള്‍ പാലിക്കുകയോ അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകുകയോ ചെയ്യണമെന്നാണ് കേന്ദ്ര മുന്നറിയിപ്പ്. നിയമം പാലിക്കാനുളള അവസാന അവസരത്തിലും വീഴ്ച വരുത്തിയാല്‍ 2000ലെ ഐ.ടി ആക്ട് 79ാം അനുച്ഛേദമനുസരിച്ച് ട്വിറ്ററിന് ലഭിക്കുന്ന ബാദ്ധ്യതകള്‍ ഒഴിവാകുന്ന ആനുകൂല്യം സര്‍ക്കാര്‍ പിന്‍വലിക്കും. അപ്പോള്‍ അനന്തരനടപടികളും നേരിടേണ്ടി വരുമെന്ന് കേന്ദ്രം പറയുന്നു.

    നേരത്തെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്‌ളൂ ബാഡ്ജ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ബാഡ്ജ് തിരികെ സ്ഥാപിച്ചു. ആര്‍.എസ്.എസ് നേതാക്കളുടെ അക്കൗണ്ടിലെയും ബാഡ്ജ് ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു.