പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; സീരിയല്‍ നടന്‍ അറസ്റ്റില്‍

മുംബൈ: പ്രമുഖ ഹിന്ദി സീരിയല്‍ താരം പേള്‍ വി പുരി ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ് നടന്നത് എന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറെ ജനപ്രിയമായ നാഗിന്‍ 3 എന്ന സീരിയലിലെ താരമാണ് പേള്‍. ശനിയാഴ്ചയാണ് ഇയാളെ മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തത്. 31 കാരനായ നടനെതിരെ പെണ്‍കുട്ടിയുടെ  പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് നടനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അതേ സമയം സംഭവത്തില്‍ പേള്‍ വി പുരി നിരപരാധിയാണെന്ന വാദവുമായി പേളിന്റെ ടിവി സീരിയല്‍ രംഗത്തെ സഹപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിര്‍മ്മാതാവ് എക്താ കപൂര്‍ അടക്കം പേള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവുമായി രംഗത്തുണ്ട്.