കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കും : ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റിനെ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും നടപടികള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചു വരുന്നുവെന്നും ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അനുസരിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടു ഐഎന്‍ടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തില്‍ വരട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി നേതാവായി ഉയര്‍ത്തിക്കാട്ടിയത് ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് ഐഎന്‍ടിയുസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്

അതേസമയം, കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും അതില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെങ്കില്‍ നിശ്ചയമായും സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.