കെപിസിസി പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ്; പട്ടിക തയ്യാറാക്കുന്നതില്‍ ആശയക്കുഴപ്പം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ആശയകുഴപ്പം. യോഗ്യരായ നേതാക്കളെ കണ്ടെത്തി പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന്റെ ശ്രമം. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാരും താരീഖ് അന്‍വറിനോട് ഏതെങ്കിലും നേതാവിന്റെ പേര് നിര്‍ദ്ദേശിക്കാതിരുന്നതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്.

നിലവില്‍ എംപിമാരായ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള പേരുകാര്‍. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനില്‍ക്കുന്നതിനാല്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം.

കെപിസിസി പ്രസിഡന്റ് ആരാകണമെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിനെടുക്കാമെന്ന് താരിഖിനോട് നേതാക്കള്‍ പറഞ്ഞതായി ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് പദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ താരിഖ് കടുത്ത ആശയകുഴപ്പത്തിലാണെന്നാണ് വിവരം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താരീഖ് അന്‍വറിന് ഒരാഴ്ച സമയമാണ് നല്‍കിയിരുന്നത്. വരും ദിവസങ്ങളില്‍ ഗ്രൂപ്പുകളുടെ പരിഭവം മാറ്റ് നേതാവിനെ നിശ്ചയിക്കുകയെന്ന വലിയ കടമ്പയാണ് അന്‍വറിന് മുന്നിലുള്ളത്.