മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി ബാര്‍ജ് ലക്ഷദ്വീപിലെത്തി

കൊച്ചി: മംഗലാപുരം തുറമുഖത്തു നിന്ന് അവശ്യ സാധനങ്ങളുമായി തിണ്ണക്കര ബാര്‍ജ്  ലക്ഷദ്വീപിലെത്തി. ഇതാദ്യമായാണു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ജ് മംഗലാപുരം തുറമുഖത്തു നിന്നു സാധനങ്ങള്‍ എത്തിക്കുന്നത്. ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കുന്നുവെന്ന വികാരം ദ്വീപില്‍ ശക്തി പ്രാപിക്കുന്നതിനിടെയാണു തിണ്ണക്കര ബാര്‍ജ് മംഗലാപുരത്തുനിന്നുള്ള കന്നിയാത്ര പൂര്‍ത്തിയാക്കിയത്. ലക്ഷദ്വീപിന്റെ വടക്കേയറ്റത്തുള്ള കടമത്ത്, കില്‍ത്താന്‍, ചെത്ലത്ത് എന്നീ ദ്വീപുകളിലേക്കാണു ബാര്‍ജില്‍ സാധനങ്ങള്‍ എത്തിച്ചത്.

പലചരക്ക് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്കായി ദ്വീപുകാര്‍ ബേപ്പൂരിനെയാണു പ്രധാനമായും ആശ്രയിച്ചിരുന്നത്. കൊച്ചിയില്‍ നിന്നു ബാര്‍ജുകളില്‍ ഇവ എത്തിക്കാറുണ്ടെങ്കിലും ദൂരക്കൂടുതലുള്ളതിനാല്‍ ബേപ്പൂരിനായിരുന്നു പ്രഥമ പരിഗണന. എന്നാല്‍, സ്ഥലപരിമിതി, ബെര്‍ത്ത് ലഭ്യതക്കുറവ് എന്നിവയുള്‍പ്പെടെ ബേപ്പൂര്‍ തുറമുഖത്തെ അസൗകര്യങ്ങള്‍ ബാര്‍ജുകളിലെ ചരക്കു കയറ്റിറക്കത്തെ  ബാധിച്ചിരുന്നു.

മാത്രമല്ല, വടക്കന്‍ ദ്വീപുകളില്‍ നിന്നുള്ള ദൂരം പരിഗണിക്കുമ്പോള്‍ ബേപ്പൂര്‍ തുറമുഖത്തേക്കാള്‍ കൂടുതല്‍ അടുത്താണു മംഗലാപുരമെന്നതിനാല്‍ യാത്രാദൂരത്തിലും കയറ്റിറക്കു സമയത്തിലുമുള്ള ലാഭം ചരക്കു നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കുമെന്നതാണു മംഗലാപുരം തുറമുഖത്തെ കൂടുതലായി ആശ്രയിക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

ബേപ്പൂരില്‍ ചരക്കു കയറ്റിറക്കിന് 6-7 ദിവസം വേണ്ടിവന്നിരുന്ന സ്ഥാനത്തു കേവലം 17 മണിക്കൂര്‍ കൊണ്ടു പൂര്‍ത്തിയാക്കി ബാര്‍ജ് പുറപ്പെടാനായെന്ന് അധികൃതര്‍ പറയുന്നു.  200 മെട്രിക് ടണ്‍ ഇന്ധനവും 15-20 മണിക്കൂര്‍  സമയവുമാണു കന്നി യാത്രയിലെ ലാഭം. ബേപ്പൂരുള്ളതിനേക്കാള്‍ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മംഗലാപുരത്തുണ്ടെന്നതും അധികൃതരുടെ പുതിയ തീരുമാനത്തിനു ശക്തി പകരുന്നു. ചരക്കു നീക്കത്തിനു പിന്നാലെ മംഗലാപുരത്തേക്കു യാത്രാക്കപ്പല്‍ സര്‍വീസുകളും ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ലക്ഷദ്വീപ് ഭരണകൂടം.