കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍: പലയിടത്തും മിന്നല്‍പരിശോധന, കണ്ണൂരില്‍ മാത്രം 25 പേര്‍ക്കെതിരേ കേസ്

കോഴിക്കോട്:  ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരേയും ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍ക്കെതിരേയുമാണ് പോലീസ് നടപടി സ്വീകരിച്ചത്. കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ 25 പേര്‍ക്കെതിരേ കേസ്, മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: ഓണ്‍ലൈനില്‍ അശ്ലീലദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ 25-ഓളം പേര്‍ക്കെതിരേ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ പി ഹണ്ട് (പി-പോണോഗ്രാഫി അഥവാ അശ്ലീലദൃശ്യങ്ങള്‍) എന്ന പേരിട്ടായിരുന്നു ഞായറാഴ്ച രാവിലെമുതല്‍ നടത്തിയ റെയ്ഡ്. പയ്യന്നൂര്‍, പരിയാരം, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്പ്, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍, വളപട്ടണം, കുടിയാന്‍മല, പിണറായി, ചക്കരക്കല്ല്, മയ്യില്‍, എടക്കാട്, പേരാവൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ ഓരോ കേസ് വീതെമെടുത്തു. 25,000 രൂപയോളം വിലവരുന്ന ഫോണുകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന സാമഗ്രികള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102-ാം വകുപ്പ് പ്രകാരമാണ് ഫോണുകള്‍ പിടിച്ചത്. ഇവ കോടതിയില്‍ ഹാജരാക്കി വിശദപരിശോധനയ്ക്കുശേഷം കുറ്റകൃത്യവുമായി ബന്ധമില്ലെന്ന കണ്ടാലേ ഉടമസ്ഥന് തിരികെ നല്‍കൂ.

മലപ്പുറത്ത് രണ്ടുപേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ ബംഗാള്‍ സ്വദേശിയും

തിരൂരങ്ങാടി(മലപ്പുറം): കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്പുറം സ്വദേശി തൊണ്ടിക്കോടന്‍ മുഹമ്മദ് ഫവാസ് (22) ആണ് അറസ്റ്റിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൊബൈലില്‍നിന്ന് കുട്ടികളുടെ അശ്ലീലവീഡിയോ കണ്ടെത്തിയത്. മറ്റൊരു യുവാവിന്റെ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈലില്‍നിന്ന് വീഡിയോ കണ്ടെത്താന്‍ കഴിയാത്തിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മൊബൈല്‍ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിനു കൈമാറി.

അശ്ലീലസൈറ്റുകളില്‍നിന്ന് കുട്ടികളുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധനകള്‍ നടത്തുന്നുണ്ട്.

ബംഗാള്‍ സ്വദേശി അറസ്റ്റില്‍

നിലമ്പൂര്‍(മലപ്പുറം): കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഭാഗമായി ഒരാളെ നിലമ്പൂരില്‍ പിടികൂടി. വെസ്റ്റ് ബംഗാള്‍ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്പൂര്‍ സി.ഐ. എം.എസ്. ഫൈസല്‍ അറസ്റ്റുചെയ്തത്.

ഇന്റര്‍നെറ്റ് വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. താമരശ്ശേരിയില്‍ നിര്‍മാണത്തൊഴില്‍ നടത്തിവന്നിരുന്ന ഇയാള്‍ 10 ദിവസം മുന്‍പാണ് നിലമ്പൂരിലെ മുക്കട്ടയില്‍ താമസമാക്കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കുന്നത്. എസ്.ഐ. കെ.എസ്. സൂരജ്, സി.പി.ഒമാരായ രാജീവ് കൊളപ്പാട്, കെ.വി. മുരളീകൃഷ്ണ, തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.