കൊടകര കേസ് ഒതുക്കുമോയെന്ന് ആശങ്കയെന്ന് സതീശന്‍, ഒതുക്കിയതായി വിവരമുണ്ടെങ്കില്‍ പറയണമെന്ന് പിണറായി

    തിരുവനന്തപുരം: ബിജെപി കേരള ഘടകത്തെ പ്രതിരോധത്തിലാക്കിയ കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ് നിയമസഭയിലും ചര്‍ച്ചയായി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് കൊടകര കേസ് അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കാന്‍ അനുമതി തേടിയത്. കള്ളപ്പണത്തിനെതിരെ വന്‍ പ്രചാരണം നടത്തിയ ബിജെപിയും സുരേന്ദ്രനും ഇപ്പോള്‍ അതിന്റെ വക്താക്കളായി മാറിയെന്നും ഇവര്‍ ഉള്‍പ്പെട്ട കേസിലെ അന്വേഷണം ഗൗരവകരമായി നടക്കേണ്ടതുണ്ടെന്നും ഷാഫി നിയമസഭയില്‍ ആവശ്യപ്പെട്ടു.

    കൊടകര കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഷാഫി പറമ്പിലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊടകര കേസില്‍ നല്ല രീതിയില്‍ അന്വേഷണം തുടരുകയാണ്. കവര്‍ച്ച നടന്ന കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

    ഇരുപത് പ്രതികളെ കേസില്‍ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 96 സാക്ഷികളുടെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ ഇഡിക്കും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കൃത്യവും ശക്തവുമായ അന്വേഷണം കൊടകര കേസില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സഭ നിര്‍ത്തിവച്ച് കൊടകര കേസ് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മുഖ്യമന്ത്രിയുടെ നിലപാട് സ്വീകരിച്ച സ്പീക്കര്‍ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എഴുന്നേറ്റു. കൊടകര കേസില്‍ ബിജെപി നേതാക്കളുടെ പേര് പോലും പറയാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും ബിജെപി അധ്യക്ഷന്‍ എന്നു പോലും മുഖ്യമന്ത്രി മറുപടി പ്രസം?ഗത്തില്‍ പറഞ്ഞില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. കേസില്‍ ബിജെപി നേതാക്കള്‍ക്ക് പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം പ്രതീകാത്മകമായി സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും പിന്നീട് തിരിച്ചെത്തി നടപടികളുമായി സഹകരിക്കുകയും ചെയ്തു.

    ഷാഫിയുടെ വാക്കുകള്‍ –

    നോട്ട് നിരോധനം പരാജയമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കേസ്. കള്ളപ്പണം തടയാന്‍ നോട്ട് നിരോധിച്ച പാര്‍ട്ടിയാണ്  കുഴല്‍ പണം കടത്തുന്നത്. കള്ളപ്പണത്തിനു എതിരായ പോരാട്ടം ബിജെപി തോറ്റു. കള്ളപ്പണം ഇപ്പോള്‍ ബിജെപിക്കാരുടെ കയ്യിലാണ്. ഒരു സീറ്റ് പോലും ജയിക്കാത്ത സംസ്ഥാനത്തേക്ക് കള്ളപ്പണം ഒഴുക്കുകയായിരുന്നു ബിജെപി. കള്ളപ്പണത്തിനു എതിരെ വാ തോരാതെ സംസാരിച്ച ആളാണ് കെ.സുരേന്ദ്രന്‍. ഏപ്രില്‍ മൂന്നിന് കള്ളപ്പണം കൊണ്ട് വന്ന വാഹനം തട്ടിക്കൊണ്ടു പോയി എന്നാല്‍ പരാതി വരുന്നത് തെരഞ്ഞെടുപ്പിന് ശേഷമാണ്. ഈ കേസ് പോലീസ് നേരെ നിന്നു അന്വേഷിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.

    ധര്‍മരാജനുമായി ആദ്യം ബന്ധം ഇല്ലെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. പ്രചാരണസാമഗ്രഹികളുമായി വന്നയാളാണെന്ന് പിന്നീട് പറഞ്ഞു.
    കേരളത്തിലെ ബിജെപിയുടെ വലിയ പ്രചാരണ സാമഗ്രി പണം തന്നെയാണ്.  പാര്‍ട്ടിലേക്കും മുന്നണിയിലേക്കും ആളെ കൊണ്ട് വരാന്‍ പണം എറിയുകയാണ്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാനും അവര്‍ പണം നല്‍കി. പോലീസ് അന്വേഷണം ഗൗരവത്തോടെ വേണം.  കുഴല്‍ ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാക്കരുത്. മറ്റു പല കേസുകള്‍ക്കും വേണ്ടിയാണ് തന്റെ മകനെ പ്രതിയാക്കുന്നതെന്ന്  സുരേന്ദ്രന്‍ പറയുന്നു. ഈ കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉണ്ടാവാന്‍ പാടില്ല. ഈ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

    മുഖ്യമന്ത്രിയുടെ വാക്കുകള്‍ –
    കള്ളപ്പണത്തിന്റെ വ്യാപനം സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഉണ്ടായി എന്ന് വിവിധ കമ്മിറ്റികള്‍ കണ്ടെത്തിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആണ് ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ ഒഴുക്കും വളര്‍ച്ചയും ഉണ്ടായത്. വിദേശത്തേക്ക് കടത്തിയ കള്ളപ്പണം നാട്ടിലേക്ക് എത്തിക്കും എന്നായിരുന്നു ബിജെപി വാഗ്ദാനം. ഇതുവരെ എത്ര പണം തിരിച്ചു കൊണ്ട് വന്നു എന്നതിന് കേന്ദ്രസര്‍ക്കാര്‍ കണക്കു പറയുന്നില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തും കള്ളപ്പണത്തെ കുറിച്ച് നിരവധി പഠനം നടന്നിരുന്നു. പക്ഷേ റിപ്പോര്‍ട്ടുകളും ഇന്നാള്‍ വരെ പുറത്തു വന്നില്ല.

    കള്ളപ്പണത്തിനെതിരെ എന്നും ശക്തമായ നിലപാട് എടുത്തത് ഇടതു പക്ഷമാണ്.  ഈ കേസിലും ഗൗരവകരമായ അന്വേഷണമാണ് നടക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്. നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഒരു കുറ്റവാളിയും രക്ഷപെടാന്‍ പാടില്ല എന്ന നിലയില്‍ ആണ് അന്വേഷണം. അന്വേഷണം കൃത്യമായി മുന്നോട്ട് പോകുന്നുണ്ട്. ജനാധിപത്യത്തെ തകര്‍ക്കാന്‍ നീക്കം നടന്നു എങ്കില്‍ അതും പുറത്ത് വരും. കുഴല്‍ കുഴലായി തന്നെ ഉണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല. ഈ നിലയില്‍ നിയമസഭാ നടപടികള്‍ നിര്‍ത്തി വച്ച് ഈ പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ല.

    മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ച സ്പീക്കര്‍ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എഴുന്നേറ്റു

    വിഡി സതീശന്റെ വാക്കുകള്‍ –

    കൊടകര കേസില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. ഈ കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. 3.5 കോടി കൊണ്ട് വന്നു എന്ന് പോലീസ് മാധ്യമങ്ങളോട് പറയുന്നുണ്ട്. എത്ര പണം ഉണ്ട് എന്ന് കൃത്യമായി പറയുന്നില്ല. ധര്‍മരാജന്‍ അറിയപ്പെടുന്ന സംഘ പരിവാര്‍ നേതാവാണ്. ധര്‍മരാജന്‍ കേസില്‍ പ്രതിയായോ എന്ന് വ്യക്തമല്ല. ബിജെപി പ്രസിഡന്റ് എന്ന വാക്ക് പോലും മുഖ്യമന്ത്രി ഉച്ചരിക്കുന്നില്ല. മൊഴി കൊടുക്കാന്‍ പോകുന്നവര്‍ക്ക് മുന്‍കൂട്ടി ചോദ്യം പോലീസ് നല്‍കുന്നുണ്ട്. ബിജെപിയെ സഹായിക്കാന്‍ പോലീസ് ശ്രമിക്കുന്നു. എന്ത് കൊണ്ട് പണാപഹരണതിന് അപ്പുറത്തേക്ക് ആരെയും അറസ്‌റ് ചെയ്യുന്നില്ല?

    സംസ്ഥാന സര്‍ക്കാരിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തീര്‍ന്നിട്ടില്ല. സര്‍ക്കാരും കേന്ദ്ര ഏജന്‍സിയും ധാരണയില്‍ എത്തിയാല്‍ കൊടകര കേസ് അട്ടിമറിക്കപ്പെടുമോയെന്ന സംശയമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം മന്ദ?ഗതിയിലാണ്. കൊടകര കേസിലെ പണത്തിന്റെ സ്‌ത്രോസ് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. ഒരുപാട് ഒത്തുതീര്‍പ്പ് ചര്‍ച്ച ഇതിനോടകം നടത്തിയല്ലോ. ഒത്തുതീര്‍പ്പിന് വിലപേശനായി ഈ കേസ് മാറ്ററുത്. മഞ്ചേശ്വരത്തും പാലക്കാടും ബിജെപി യെ ജയിപ്പിക്കാന്‍ ഒത്തു തീര്‍പ്പ് ഉണ്ടായിരുന്നു. ഒത്തു തീര്‍പ്പിന്റെ പല വിവരങ്ങളും പുറത്ത് വരാനുണ്ട്.

    മുഖ്യമന്ത്രിയുടെ മറുപടി –

    സംസ്ഥാന സര്‍ക്കാരിന് എതിരായ കേന്ദ്ര ഏജന്‍സി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണ്.  ഒത്തു തീര്‍പ്പ് വിദഗ്ധര്‍ ആരാണെന്നു എല്ലാവര്‍ക്കും അറിയാം. തൊഗാഡിയ കേസ് ആരാണ് ഒത്തു തീര്‍പ്പാക്കിയത്? എംജി കോളേജ് അക്രമ കേസ് ആരാണ് ഒത്തു തീര്‍പ്പാക്കിയത്
    ഒത്തു തീര്‍പ്പിന്റെ പട്ടം നിങ്ങള്‍ക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപി യെ രക്ഷിക്കാന്‍ ആണ് ഉപയോഗിക്കുന്നത്. ഈ സര്‍ക്കാരോ മുന്നണിയോ എന്തെങ്കിലും ഒത്തുതീര്‍പ്പ് നടത്തിയതായി അറിയുമെങ്കില്‍ ഇപ്പോള്‍ തന്നെ പറയണം. ഒത്തു തീര്‍പ്പ് വിവരം പോക്കറ്റില്‍ ഉണ്ടെങ്കില്‍ ഇപ്പോള്‍ പുറത്തു പറയാം അതിനായി കാത്തുനില്‍ക്കേണ്ടതില്ല.