ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭാ നടപടികളില്‍ പങ്കെടുത്തതിന് ദേവികുളം എംഎല്‍എയ്ക്ക് 2,500 രൂപ പിഴ

തിരുവനന്തപുരം:ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ അഞ്ചുദിവസം നിയമസഭാ നടപടികളില്‍ പങ്കെടുത്തതിന് ദേവികുളം എംഎല്‍എ എ രാജയ്ക്ക് 2,500 രൂപ പിഴ. മെയ് 24ന് ആയിരുന്നു ആദ്യ സത്യപ്രതിജ്ഞ. രണ്ടാമത് സത്യപ്രതിജ്ഞ ചെയ്ത ജൂണ്‍ രണ്ടുവരെ സഭാ നടപടികളില്‍ പങ്കെടുത്തതും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതതും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ക്രമപ്രശ്നമുന്നയിച്ചിരുന്നു.

പഠിച്ചശേഷം റൂളിംഗ് നല്‍കാമെന്നായിരുന്ന് സ്പീക്കര്‍ അറിയിച്ചത്. തുടര്‍ന്നാണ് പിഴ നല്‍കണമെന്ന് ഇപ്പോള്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. ക്രമപ്രകാരം സത്യപ്രതിജ്ഞാ ചെയ്യാതെ അഞ്ചുദിവസം സഭയില്‍ ഹാജരായ രാജയില്‍നിന്ന് ദിവസം അഞ്ഞൂറ് രൂപ വീതം പിഴ ഈടാക്കണമെന്നാണ് ചട്ടമെന്നും വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടിരുന്നു.

അതേസമയം ഈ ദിവസങ്ങളില്‍ രാജ പങ്കെടുത്തതോ വോട്ട് രേഖപ്പെടുത്തിയതോ ആയ ഒരു നടപടിയും അസാധുവാകില്ല. തമിഴിലായിരുന്നു രാജ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തയ്യാറാക്കിയ നല്‍കിയ പരിഭാഷയില്‍ ദൃഢ പ്രതിജ്ഞയെന്നോ സഗൗരവ പ്രതിജ്ഞയെന്നോ ഉണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്.