ഓവുചാൽ വൃത്തിയാക്കിയില്ല; കരാറുകാരന്റെ ദേഹത്ത് മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ

മുംബൈ: ഓവുചാല്‍ വൃത്തിയാക്കാത്തതിന്റെ പേരില്‍ കരാറുകാരനെ റോഡിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എയുടെ ശിക്ഷ. ചാന്ദിവാലി നിയമസഭാ മണ്ഡലത്തിലെ ശിവസേന എംഎല്‍എ. ദിലിപ് ലാണ്ഡെയാണ് കരാറുകാരനെ വെളളക്കെട്ടുളള റോഡിലിരുത്തി പ്രാകൃതമായ രീതിയില്‍ ശിക്ഷാരീതി നടപ്പാക്കിയത്.

കരാറുകാരനോട് റോഡിലിരിക്കാന്‍ നിര്‍ദേശിച്ച എംഎല്‍എ റോഡ് വൃത്തിയാക്കുകയായിരുന്ന നഗരസഭാ തൊഴിലാളികളോട് ഇയാളുടെ ദേഹത്ത് മാലിന്യം നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കരാറുകാരന്‍ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് താന്‍ ഇപ്രകാരം ശിക്ഷിച്ചതെന്നാണ് എംഎല്‍എ പറഞ്ഞു.’ കഴിഞ്ഞ 15 ദിവസമായി കരാറുകാരനെ വിളിച്ച് റോഡ് വൃത്തിയാക്കണമെന്ന് ഞാന്‍ പറയുന്നു. എന്നാല്‍ അയാള്‍ അത് ചെയ്തില്ല. ശിവസേന പ്രവര്‍ത്തകരാണ് അത് ചെയ്തത്. ഇക്കാര്യം കരാറുകാരന്‍ അറിഞ്ഞപ്പോള്‍ അയാള്‍ ഉടന്‍ അവിടെയെത്തി. ഇത് കരാറുകാരന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഇത് ചെയ്യണമെന്നും ഞാന്‍ പറഞ്ഞു.’ എംഎല്‍എ പറയുന്നു.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എംഎല്‍എയുടെ പ്രവൃത്തിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷമായി ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശിവസേനയുടെ നിയന്ത്രണത്തിലാണ്.