കെ.എസ്.എഫ്.ഡി.സിയുടെ തിരക്കഥാരചന ശിൽപശാല ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വനിതകൾ സംവിധാനം ചെയ്യുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന തിരക്കഥാരചന ശിൽപശാലയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.

സ്ത്രീ സാന്നിധ്യം കൂടുതലായി ക്യാമറയ്ക്ക് മുന്നിലാണ് ഇന്നും കാണുന്നതെന്നും സർക്കാരിന്റെ ഇത്തരം പദ്ധതികൾ ചലച്ചിത്ര രംഗത്ത് സാങ്കേതിക പ്രവർത്തകരായി കൂടുതൽ വനിതകൾ മുന്നോട്ട്  വരാൻ സഹായിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ, ആർ.നിശാന്തിനി എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ സ്വാഗതവും മാനേജിങ്ങ് ഡയറക്ടർ എൻ.മായ നന്ദിയും പറഞ്ഞു.
ശില്പശാലയിൽ പങ്കെടുക്കുന്നവരുമായി സുപ്രസിദ്ധ ചലച്ചിത്ര സംവിധായക അപർണാ സെൻ അനുഭവങ്ങൾ പങ്കുവെച്ചു. സംവിധായക എന്ന നിലയിൽ തുടക്കം കുറിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന സമയത്ത് ശശി കപ്പൂർ നിർമ്മാതാവായി മുന്നോട്ട് വന്നതുകൊണ്ടാണ് തനിക്ക് ആദ്യ സിനിമ ഒരുക്കുവാൻ കഴിഞ്ഞതെന്ന് അപർണാ സെൻ പറഞ്ഞു. സത്യജിത് റേയും കുടുംബാംഗങ്ങളും നൽകിയ പിന്തുണ സഹായകമായി.

പ്രതിസന്ധികളിൽ പതറാതെ ലക്ഷ്യത്തിലേക്ക് നീങ്ങുവാൻ ശില്പശാലയിൽ പങ്കെടുക്കുന്നവരോട് അപർണാ സെൻ പറഞ്ഞു. സുപ്രസിദ്ധ തിരകഥാകൃത്തും ചലച്ചിത്ര അദ്ധ്യാപകനുമായ അഞ്ചും രാജാബാലി ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നു. അശ്വിനി മാലിക്, കേത്കി പണ്ഡിറ്റ്, സ്വേക്ഷാ ഭഗത്, ഇപെക് ഗാസ്ഗായി എന്നിവരും ശില്പശാലയിൽ ക്ലാസ്സെടുക്കും. ശില്പശാല 7ന്  സമാപിക്കും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സംവിധായകരെ കണ്ടെത്തുവാനായി കെ.എസ്.എഫ്.ഡി.സി സംഘടിപ്പിക്കുന്ന ശില്പശാല 8ന് ആരംഭിക്കും.